മയോങിലെ മന്ത്രവാദികൾ .

മയോങിൽ ആറ് മാസങ്ങൾക്കുമുന്പ് ഒരു മനുഷ്യബലി നടന്നിരുന്നുവെന്ന് ഗോഹതിയിലെ പത്രപ്രവർത്തകൻ രാജ്കമൽ കക്കോട്ടി പറഞ്ഞു .മയോങിലെ ചില ഇടങ്ങളിൽ ബലികളും ആഭിചാരകർമ്മങ്ങളും നിഗുഢമായി നടക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള സംസാരം .അതിശക്തമായ അടിയൊഴുക്കുള്ള ബ്രഹ്മപുത്രയുടെ ജലഷോഭത്തിന്റെ ഇരകളാണ് അതിന് തീർത്തു് വസിക്കുന്നവർ .പ്രകൃതിഭീതിയുടെയും ആകാംഷയുടെയും നിമിഷങ്ങൾ സൃഷ്ടിക്കുന്ന അയുക്തി ദുഷ്‌കരമായ പ്രകൃതിയുടെ അലംഘനീയ നിയമങ്ങൾ ഖണ്ഡിക്കാൻ കഴിയാത്ത മനുഷ്യാവസ്ഥയുടെ സൂചകമാകാം .അതിഭൗതിക വിശ്വാസങ്ങളെ ആശ്ലേഷിക്കുന്ന മനുഷ്യവാസന അതിപുരാതനമാണ് .

ഇന്ത്യയിലെ ആഭിചാരക്കാരുടെ ഈറ്റില്ലമാണ് അസമിലെ മയോങ് .ക്രൂരവും പ്രാകൃതവുമായ അനുഷ്ടാനങ്ങളിൽ മുഴുകി ജീവിക്കുന്ന മന്ത്രവാദികളുടെ സ്ഥലമാണിത് .പ്രതികൂലകാലാവസ്ഥയായതിനാൽ മയോങ്ങിലേക്കുള്ള യാത്ര ദുഷ്കരമാണെന്ന ടാക്സി ഡ്രൈവറുടെ സങ്കടം പറച്ചിലുകാരണം കൂടുതൽ പണം കൊടുത്താണ് അവിടേയ്ക്കുള്ള യാത്ര തരമാക്കിയത് .ഗോഹട്ടി ടൗണിൽനിന്ന് അഞ്ചു മണിക്കൂർ യാത്ര ചെയ്ത് ഒരു ഉച്ച നേരത്തു് മയോങ്ങിലെ പ്രബിറ്റോറയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെത്തി .കവിതയുടെ കൂട്ടുകാരിയും മയോങിലെ പ്രബിറ്റോറ നിവാസിയായ എലോണയും ഞങ്ങളുടെകൂടെ കൂടി.

നിശബ്ദയും ഏകാന്തതയും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം ഭീതിയും ആകാംഷയും ജനിപ്പിക്കും .മുന്നോട്ട്‌ നടക്കുംതോറും നിഗുഢമായ ഏതോ ഒരു ലോകത്തേയ്‌ക്കെന്നപോലെ തോന്നലുണ്ടാക്കും .ചളി നിറഞ്ഞു നിൽക്കുന്ന നടപ്പാതകൾ ,ഇടുങ്ങിയതും ഇരുണ്ടതുമായ കൈവഴികൾ ഇടയ്ക്കിടെ കാണുന്ന മുള കൊണ്ടുനിർമ്മിച്ച ഗൃഹങ്ങൾ -ഈ ഭൂപ്രകൃതിയുടെ മുഖം ഒരു പ്രാകൃത ഗ്രാമത്തെ അനുസ്മരിപ്പിക്കും ..മയോങിലെ ബ്രഹ്മപുത്രയുടെ മണൽപ്പരപ്പിൽ ചില കുടിലുകൾ കണ്ടു .ബംഗ്ളാദേശി അഭയാത്രികളുടേതാണത് .വേനലിൽ ബ്രഹ്മപുത്ര ഉൾവ ലി യുമ്പോൾ അതിന്റെ തീരത്തു കുടില്കെട്ടുന്ന അഭയാത്രികൾ മഴക്കാലമാകുന്നതോടെ മയോങിന്റെ പുറമ്പോക്കിലേയ്ക്ക് കുടിയേറും .വളരെ കഷ്ടമാണ് അവരുടെ ജീവിതം .ജീവിതത്തിലെ എറ്റവും ദുഷ്കരമായ സമയമാണ് ആ അഭയാത്രികളുടേത് .അസ്പൃശ്യതയോടും പട്ടിണിയോടും മാനസിക സമ്മർദങ്ങളോടും മല്ലിട്ട് ജീവിക്കുന്ന പാഴ്ജന്മങ്ങൾ .മയോങിലെ ആദി വർഗങ്ങൾക്ക് പർദയും താടിയും ,തൊപ്പിയും ഉള്ള ഈ അഭയാത്രികൾ ഭീകരരൂപങ്ങളാണ് .ഇവർ തങ്ങളുടെ ഗ്രാമത്തിലേക്ക് ദുർഭൂതങ്ങളെ വിട്ട് മയോങ്ങിനെ മുഴുവൻ വിഴുങ്ങുമെന്ന ഭയം അവരെ പലപ്പോഴും പ്രകടമായ വയലൻസിലേയ്ക്ക് നയിക്കുന്നു .

ഭൂതങ്ങളെയും മൂർത്തികളെയും ഭയന്ന് ജീവിക്കുന്ന മയോങ് നിവാസികൾക്ക്‌ അപരിചിതരെ സ്വീകരിക്കുന്നതിൽ വിമുഖതയുണ്ട് .തെല്ലു ദൂരം ഞങ്ങൾ മുന്നോട്ടു പോയപ്പോൾ എതിരെ വന്നിരുന്ന ഒരാൾ സംശയത്തോടെ ഞങ്ങളെ നോക്കി ,ദയാരഹിതമായ അയാളുടെ നോട്ടത്തെ നേരിടാൻ പ്രയാസമായിരുന്നു .ഞാൻ കവിതയെ നോക്കി .ഒട്ടു ഹൃദയമല്ലാത്ത തരത്തിൽ അയാൾ എന്തോ ചോദിച്ചു .കവിത അയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയാണ് മയോങിലെ ഈ ഗ്രാമത്തിൽ പ്രത്യേക ആഭിചാരങ്ങൾ നടക്കുകയാണെന്നും അവിടേയ്ക്കു പ്രവേശനമില്ലെന്നുമാണ് അയാൾ അറിയിച്ചത് .കവിത എതാനും നോട്ടുകൾ കൊടുത്തു് അയാളെ വശത്താക്കി .ദുര്മന്ത്രവാദം നടക്കുന്ന വനത്തിനടുത്തു ചേർന്നു കിടക്കുന്ന സ്ഥലത്തേയ്ക്ക് ഞങ്ങളെ കൊണ്ടുപോകാമെന്ന് അയാൾ സമ്മതിച്ചു .തെല്ലുദൂരം മാറിനിന്ന് വേണം വീക്ഷിക്കാൻ .പക്ഷെ ഫോട്ടോ/വീഡിയോ എടുക്കാൻ അനുവാദമില്ല .അയാൾ ഞങ്ങളുടെ ക്യാമറയും മൊബൈൽ ഫോണുകളും വാങ്ങിച്ചു .ദുര്മന്ത്രവാദികൾ ഭൂതങ്ങളെ അഴിച്ചുവിട്ടാൽ പിന്നെ ഞങ്ങൾക്ക് തിരിച്ചുപോകാനാവില്ലെന്ന് അയാൾ മുന്നറിയിപ്പ് തന്നു .ഗ്രാമത്തിൽ ചില ദുര്മരണങ്ങൾ നടന്നിട്ടുണ്ടെന്നും അവരുടെ ആത്മാക്കൾ സ്വൈരവിഹാരം നടത്തുന്നതിനാൽ എല്ലാവരും ഭീതിയിലാണെന്നും അയാൾ പറഞ്ഞു .മരിച്ചവരുടെ ആത്മാക്കൾ പിശാച്ചുക്കളുമായി കൂട്ട് ചേർന്ന് പുതിയ ജനനത്തിലൂടെ ഗ്രാമത്തിലേയ്ക്ക് വീണ്ടും വന്ന് രോഗങ്ങളും ദുരിതങ്ങളും ഉണ്ടാക്കുമെന്ന അവരുടെ ഭയം പലപ്പോഴും നര ബലി അനുഷ്ടാനങ്ങളിൽ ചെന്നെത്തുന്നത് വിരളമല്ല .രക്തദാഹിയായ ദുർഭൂതങ്ങൾക്ക്‌ ചോര വേണം ബലിദാനങ്ങൾ അതിനാണ് .മിത്തൂൺ എന്ന പേരിലറിയപ്പെടുന്ന അർദ്ധവന്യമൃഗമായ ഗയാൽ ,ചില വന്യമൃഗങ്ങൾ ,വളർത്തുമൃഗങ്ങൾ എല്ലാം ബലിക്കിരയാകുന്നു .മനുഷ്യ രക്തം കൊതിക്കുന്ന പിശാചുക്കളെ പ്രീണിപ്പിച്ചില്ലെങ്കിൽ ഗ്രാമം തന്നെ നാമാവശേഷമാകും .ഭൂതങ്ങളുടെയും പിശാചുക്കളുടെയും ഇരകൾ പലപ്പോഴും കുട്ടികളാണ് .ഭൂതങ്ങളെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ ഗ്രാമത്തിലെ കുട്ടികളെയെല്ലാം ഭൂതങ്ങൾ കൊണ്ടുപോകും അതിനാൽ ചില അത്യാവശ്യഘട്ടത്തിൽ ഒരു കുട്ടിയെയെങ്കിലും ബലികൊടുത്തു ഗ്രാമത്തിലെ കുട്ടികളെമുഴുവൻ രക്ഷികേണ്ടതായി വരുന്നു.നരബലിയുടെ ആവശ്യകത ഞങ്ങളെ ബോധ്യപ്പെടുത്താൻ അയാൾ ശ്രമിക്കുകയാണ് .

അയാൾ ഞങ്ങളെ ജീർണിച്ച ഒരു പറമ്പിലെത്തിച്ചു .പ്രാകൃതമായ പ്രതീതി ഉണ്ടാക്കുന്ന ഒരന്തരീക്ഷമാണവിടെ .ഒരു കൂട്ടം സ്ത്രീകളും പുരുഷന്മാരും വൃത്താകൃതിയിൽ ഇരിക്കുന്നു .എല്ലാവരും അല്പവസ്ത്ര ധാരികളാണ് വലിയ ബലിക്കലും തലയോട്ടികളും ശൂലങ്ങളും ഉണ്ടവിടെ .അതൊരു ബലിപ്പറമ്പാണ് എത്രയെത്ര നരബലികൾക്ക് സാക്ഷ്യം വഹിച്ച ഒരു സ്ഥലമായിരിക്കാം ഇത് .പൂജയുടെയും ബലിയുടെയും ദിവസങ്ങളാണിവിടെ .വിശ്വാസത്തിന്റെ ഭീകരത പ്രകടമായ വയലൻസിലൂടെ വെളിപ്പെടുന്ന ദിനരാത്രങ്ങൾ .കുറെ സമയം അവിടെനിന്ന് അവരുടെ പരികർമ്മങ്ങള് കണ്ടുകൊണ്ടിരുന്നു .ഒത്തിരി സമയം കഴിഞ്ഞപ്പോൾ ഒരു ബാലിക കരഞ്ഞുകൊണ്ട് അവിടെനിന്ന് വേഗത്തിൽ നടന്നുപോകുന്നത് കണ്ടു .പ്രായമായ ഒരു സ്ത്രീ അവളുടെ കൈപിടിച്ചിട്ടുണ്ട് .അവളുടെ രണ്ടു കാലിലൂടെയും രക്തം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു .ദുർഭൂതം ശരീരത്തിൽ കയറിയതിനാൽ അതിനെ പുറത്തുകളയാനായി അവളുടെ രണ്ടു തുടയിലും മന്ത്രവാദി മുറിവേൽപ്പിക്കുകയായിരുന്നുവത്രെ .അവളുടെ രോദനവും കണ്ണുനീരുമെല്ലാം അവിടെനിന്ന് ഉയർന്നുവന്ന മന്ത്രോച്ചാരണത്തിന്റെ മാറ്റൊലിയിൽ അലിഞ്ഞുപോയി.

ഒരു തരം അരക്ഷിത ഭീതിയിലാണ് ഞങ്ങളവിടെ നിൽക്കുന്നത് .ഞങ്ങളുടെ കൂടെ വന്ന ആൾക്ക് ആ ഗ്രാമത്തിൽ പ്രബലമായ സ്വാധീനമുണ്ടായിരുന്നതാണ് അപകടം ഒഴിവാക്കിയത് .മാത്രമല്ല മയോങിലെ പ്രബിറ്റോറ നിവാസിയായ എല്ലോനയുടെ സാന്നിധ്യം ഒരനുഗ്രഹമായി .നേരം സന്ധ്യയായി തുടങ്ങി ഇനി ആരും പുറത്തിറങ്ങുകയില്ല .ഭൂതങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന യാമങ്ങളാണിനി. ഞങ്ങൾ വേഗത്തിൽ തിരിച്ചു നടന്നു .ഇരുട്ട് സാന്ദ്രമാകുന്നതിനു മുൻപേ ഞങ്ങൾക്ക് മയോങ്ങിൽ നിന്ന് മടങ്ങേണ്ടതുണ്ട് . .

Leave a Reply

Your email address will not be published. Required fields are marked *